ഓർമ്മകളുടെ അറ (story)

ഓർമ്മകളുടെ അറ

മീനാക്ഷിയുടെ വലിയ കണ്ണുകൾ നിറയേ ഭയമാണ്. ഒരു പക്ഷെ ആ കണ്ണുകൾ ഭയപ്പെട്ട് ഭയപ്പെട്ട് ഉരുണ്ട് ഉരുണ്ട് പോയതാവാം. സുന്ദരിയാണ് മീനാക്ഷി, വാഴത്തണ്ടു പോലെ ലോല. എന്തിനോടാണ് ഭയം എന്നു ചോദിച്ചാൽ അത് അവൾക്കറിയില്ല. ''എല്ലാത്തിനോടും പേടിയാണല്ലോ നിനക്ക്? " എന്നു ചോദിച്ചാൽ മങ്ങിയ വെളിച്ചം പോലെ ഒന്നു ചിരിക്കും. വെറുതേ ഒരു ചിരി; ചിരിക്കുമ്പോഴും ഭയമാണ് - പിന്നീട് കരയേണ്ടി വരുമോ എന്ന ഭയം. ഒരിക്കൽ എനിക്ക് തോന്നി മീനാക്ഷിയേ ഒന്നു വായിക്കണം. തീരുമാനമെടുത്തില്ലാ, അത് എങ്ങനെയോ മണത്തറിഞ്ഞു ഉടനെ വന്നു മനസാക്ഷി: " അന്യരുടെ കാര്യങ്ങളിൽ ഒളിഞ്ഞു നോക്കാവോ കുഞ്ഞേ?". ശരിയാണ്; അന്യരുടെ കാര്യങ്ങൾ അന്വേഷിക്കേണ്ടതില്ല. പക്ഷെ മീനാക്ഷി അന്യയല്ലല്ലോ. കൈയ്യിലുള്ള ന്യായങ്ങൾ നിരത്തി മനസാക്ഷിയേ ആട്ടി ഓടിച്ചു. പിന്നീട് ഒട്ടും താമസിച്ചില്ല, കണ്ണിൽ കാണാനാവാത്ത സൂക്ഷ്മാണുവായി മീനാക്ഷിയുടെ ശ്വാസത്തിലൂടെ ഓടികയറി . പലവഴിതിരിഞ്ഞ് ഒടുവിൽ ഓർമ്മകളുടെ വലിയ അറയിലെത്തി. ഭൂതങ്ങൾ കാവലിരിക്കുന്ന നിധികുംഭം ഒളിപ്പിച്ചു വലിയ ഗുഹ പോലെ പേടിപ്പിക്കുന്ന ഇരുണ്ട ഒരറ . ചിലയിടങ്ങളിൽ തിളക്കം കാണാം, ചിലയിടങ്ങളിൽ ഒലിച്ചിറങ്ങുന്ന നിറങ്ങൾ ,ചിലയിടങ്ങളിൽ മരവിപ്പിക്കുന്ന തണുപ്പ്, മറ്റു ചിലയിടങ്ങളിൽ ചൂട് . ചിലപ്പോൾ ഓർമ്മകൾക്ക് എന്ത് സുഗന്ധം എന്നു തോന്നിപ്പോകും .പോകേ പോകേ വഴിയിൽ എവിടെയോ രക്തം മണക്കുന്നു. രണ്ടോ മൂന്നോ തുള്ളിയിൽ നിന്ന് കിലോമീറ്ററുകളോളം വ്യാപിക്കുന്ന മണം. രക്ത പരിശോധന നടത്തി പരിചയമൊന്നുമില്ലെങ്കിലും പരിശോധിക്കാൻ ഉറച്ചു. ഒന്നുത്തോട്ടതും ഒരു കുഞ്ഞു മീനാക്ഷിയുടെ ഉരുണ്ട കണ്ണിൽ നിന്നും ഉതിർന്നു വീഴുന്ന കണ്ണീർ ഒരു പ്രളയമായി മാറി. അതിൽ നിലയില്ലാതെ ഒഴുകി ഓർമ്മകളുടെ അറയിൽ നിന്ന് ഞാൻ പുറത്തേക്ക് എറിയപ്പെട്ടു . വലിയ മീനാക്ഷിയുടെ ഉരുണ്ട കണ്ണിലൂടെ പുറത്തേക്ക് ഒലിച്ചിറങ്ങി. ബാല്യത്തിലേറ്റ മുറിവിൻ്റെ ആഴം പിന്നീട് ആ കണ്ണുകളിൽ ഞാൻ വായിച്ചു. പലവട്ടം വായിച്ചു. " പ്രീയപ്പെട്ട മീനാക്ഷി നീ കരയരുത്. ഇനി ആ കണ്ണുകളിൽ ഭയം വേണ്ട, കാരണം നീ ഈ ലോകത്തിൽ ജീവിതം തുടരുന്നു എന്നതു തന്നെ ഏറ്റവും വലിയ ധൈര്യമാണ്; പ്രതിസന്ധികൾ അവസാനിക്കുന്നില്ല, ഭയമില്ലാത്തവളായി മുന്നോട്ട് പോകുക.''

Comments

Popular posts from this blog

My love